കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ എല്ലാ വ്യാഴാഴ്ചകളിലും ഓൺലൈൻ പഠനം ഏർപ്പെടുത്തണമെന്ന വിദ്യാർഥിയുടെ നിർദേശത്തോട് അനുകൂല പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയ്യിദ് ജലാൽ അൽ തബ്തബായി. മൈക്രോസോഫ്റ്റ് ടീംസ് പ്ലാറ്റ്‌ഫോമിലൂടെ നടന്ന ഓൺലൈൻ പഠന പരീക്ഷണത്തിനിടെയാണ് വിദ്യാർഥി ആവശ്യം മുന്നോട്ടുവച്ചത്.

ഒക്ടോബർ 24 ശനിയാഴ്ച രാജ്യത്തെ വിവിധ സ്കൂളുകളിൽ നടന്ന മൂന്ന് ഓൺലൈൻ ക്ലാസുകളിൽ മന്ത്രി പങ്കെടുത്തു.

ഫഹദ് അൽ സാലിം ബോയ്സ് സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് ഇംഗ്ലീഷ് പാഠഭാഗം, ജാസിം അൽ ഖറാഫി സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് ഭരണഘടനാ പഠനം, അൽ ഫൈഹാ ഗേൾസ് ഇന്റർമീഡിയറ്റ് സ്കൂളിലെ ഏഴാം ക്ലാസ് പഠന സെഷൻ എന്നിവയാണ് മന്ത്രി നിരീക്ഷിച്ചത്.

ഓൺലൈൻ പഠനത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്നും വിദ്യാർഥികൾക്ക് തടസ്സങ്ങളില്ലാതെ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നുണ്ടോയെന്നും മന്ത്രി നേരിട്ട് വിലയിരുത്തി.

ഇതിനിടെയാണ് എല്ലാ വ്യാഴാഴ്ചകളിലും ടീംസ് പ്ലാറ്റ്‌ഫോമിലൂടെ ക്ലാസുകൾ നടത്തണമെന്ന നിർദേശം ഒരു വിദ്യാർഥി മുന്നോട്ടുവച്ചത്. വിഷയം പരിഗണിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ശൈത്യകാലത്തും മഴക്കാലത്തും പ്രതികൂല കാലാവസ്ഥയെ തുടർന്ന് സ്കൂളുകളിലെത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പഠനം തടസ്സപ്പെടാതിരിക്കാനാണ് ഓൺലൈൻ പഠന സംവിധാനം പരീക്ഷിക്കുന്നത്.

പരീക്ഷണ ക്ലാസുകളിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് അധിക മാർക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു.

ഒരു ക്ലാസിൽ 95 ശതമാനത്തിലധികം വിദ്യാർഥികൾ പങ്കെടുത്തതായി അധ്യാപകൻ അറിയിച്ചതിനെ തുടർന്ന് പങ്കെടുക്കാത്ത വിദ്യാർഥികളുടെ അഭാവത്തിനുള്ള കാരണം പരിശോധിക്കാനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടായിരുന്നോയെന്ന് കണ്ടെത്താനും മന്ത്രി നിർദേശിച്ചു.