കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം പ്രഖ്യാപനം; സാമൂഹിക സുരക്ഷാ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങൾക്കും 500 റിയാൽ അധിക സഹായം; വൈദ്യുതി, ജല നിരക്കുകളിലെ മാറ്റം 2027 ജനുവരി ഒന്നുമുതൽ

റിയാദ്: സൗദി അറേബ്യയിൽ സർക്കാർ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും പ്രതിമാസ അലവൻസിൽ 500 റിയാൽ വർധന അനുവദിക്കാൻ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ഉത്തരവിട്ടു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

2027 ജനുവരി ഒന്നുമുതൽ രാജ്യത്തെ വൈദ്യുതി, ജല ഉപഭോഗ നിരക്കുകളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അധിക സാമ്പത്തിക സഹായം അനുവദിക്കുന്നത്. പുതുക്കിയ നിരക്കുകൾ മൂലം ജനങ്ങൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം.

സിവിൽ സർവീസ് ശമ്പള സ്കെയിലുകളിലും ഓപ്പറേഷൻ പ്രോഗ്രാം കരാറുകളിലും ഉൾപ്പെട്ട സിവിലിയൻ, സൈനിക ജീവനക്കാർക്ക് പ്രതിമാസ അലവൻസിൽ 500 റിയാൽ വർധന ലഭിക്കും. വിരമിച്ച ജീവനക്കാരെയും പുതിയ ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക ഇൻഷുറൻസ് സംവിധാനത്തിൽ ഉൾപ്പെട്ടിരുന്ന മരണപ്പെട്ട ജീവനക്കാരുടെയും പെൻഷൻകാരുടെയും അർഹരായ കുടുംബാംഗങ്ങൾക്കും അധിക അലവൻസ് ലഭിക്കും. കൂടാതെ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങൾക്ക് നിലവിലുള്ള സഹായത്തിന് പുറമെ പ്രതിമാസം 500 റിയാൽ വീതം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും അനുസരിച്ചായിരിക്കും തുക വിതരണം ചെയ്യുക.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ വേതനനില മെച്ചപ്പെടുത്തുന്നതിനും സർക്കാർ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ ഒരു സൗദി ജീവനക്കാരനെ പൂർണമായി കണക്കാക്കുന്നതിനാവശ്യമായ കുറഞ്ഞ വേതനപരിധി ഘട്ടംഘട്ടമായി ഉയർത്തും.

ആദ്യഘട്ടത്തിൽ കുറഞ്ഞ വേതനപരിധി 5,000 റിയാലായി ഉയർത്തും. നടപടി ആരംഭിച്ച് ആറുമാസത്തിനുശേഷമായിരിക്കും ഇത് നടപ്പാക്കുക. ആദ്യ വർധന പ്രാബല്യത്തിൽ വന്നതിന് 12 മാസത്തിനുശേഷം പരിധി 6,000 റിയാലായി വീണ്ടും ഉയർത്തും. സ്വകാര്യ മേഖലയിലെ സൗദി പൗരന്മാരുടെ വേതനനിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വദേശികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമാണ് നടപടി.

സൗദി എനർജി കമ്പനിയും നാഷണൽ വാട്ടർ കമ്പനിയും വൈദ്യുതി, ജല ഉപഭോഗ നിരക്കുകളിൽ മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണാധികാരിയുടെ സാമ്പത്തിക സഹായ നടപടികൾ പുറത്തുവന്നത്.

പുതിയ നിരക്കുകൾ കുടുംബങ്ങളുടെ ജീവിതച്ചെലവിൽ സൃഷ്ടിക്കാനിടയുള്ള അധികഭാരം ലഘൂകരിക്കുന്നതിനൊപ്പം ജീവനക്കാർക്കും പെൻഷൻകാർക്കും സാമൂഹിക സുരക്ഷാ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങൾക്കും സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതാണ് തീരുമാനം.

രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ക്ഷേമത്തിനും തൊഴിൽ വിപണിയിലെ സ്ഥിരതയ്ക്കും മുൻഗണന നൽകുന്ന നടപടികളുടെ ഭാഗമായാണ് പുതിയ സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.