തിരുവനന്തപുരം :വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് കടുത്ത തിരിച്ചടിയുമായി യുഡിഎഫ് സർക്കാർ. അഴിമതിക്കേസിൽ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ, നിലവിൽ തച്ചങ്കരി കൈപ്പറ്റിവരുന്ന പ്രതിമാസ പെൻഷൻ പൂർണ്ണമായി റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. സർവീസിൽ നിന്ന് വിരമിച്ച ശേഷം പ്രതിമാസം രണ്ടരലക്ഷത്തോളം രൂപയാണ് തച്ചങ്കരി ഖജനാവിൽ നിന്ന് പെൻഷനായി കൈപ്പറ്റുന്നത്.

ഇതിനിടയിൽ, ഷാർജയിലെ സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ ഓപ്പറേറ്റിംഗ് മാനേജരായി ജോലി ലഭിച്ചെന്നും ഉടൻ വിദേശത്തേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി സമർപ്പിച്ച ഹർജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ വാക്കാലുള്ള പരാമർശങ്ങളും അദ്ദേഹത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

കോട്ടയം വിജിലൻസ് കോടതിയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തി കഠിനതടവിന് ശിക്ഷിച്ചത്. നാല് വർഷം തടവിനും 30,84,892 രൂപ പിഴയടക്കാനുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. അഴിമതി നിരോധന നിയമപ്രകാരം കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥർക്ക് സർക്കാർ പെൻഷൻ നൽകുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര-ധനവകുപ്പുകൾ പെൻഷൻ റദ്ദാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നത്.

പ്രതിമാസം ₹2.5 ലക്ഷത്തോളം രൂപ സർക്കാർ പെൻഷൻ അക്കൗണ്ടിലെത്തുമ്പോഴും, ഉപജീവനത്തിനായി വിദേശത്ത് ജോലി ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. യുഎഇയിലെ ഷാർജയിലുള്ള ഒരു പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ ഓപ്പറേറ്റിംഗ് മാനേജരായി നിയമനം ലഭിച്ചെന്നും, ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നും കാട്ടിയാണ് ഒക്ടോബർ 26-ന് യാത്രാനുമതി ആവശ്യപ്പെട്ട് ഹർജി നൽകിയത്.

"ജയിലിൽ നിന്ന് ഇപ്പോൾ ഇറങ്ങിയതല്ലേ ഉള്ളൂ, കുറച്ചുകൂടി കഴിയട്ടെ" എന്ന് ജസ്റ്റിസ് വാക്കാൽ പരാമർശിക്കുകയുണ്ടായി. ഹർജിയിൽ സർക്കാർ നിലപാട് തേടിയ കോടതി, കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.