കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകളിൽനിന്ന് 932 പേരുടെ താമസവിലാസങ്ങൾ നീക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു. താമസസ്ഥലത്തിന്റെ ഉടമ നൽകിയ പ്രഖ്യാപനത്തിന്റെയോ കെട്ടിടം പൊളിച്ചുനീക്കിയതിന്റെയോ അടിസ്ഥാനത്തിലാണ് നടപടി. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമി’ലൂടെയാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.

വിലാസം നീക്കപ്പെട്ടവർ ആവശ്യമായ തെളിവുരേഖകൾ സഹിതം പുതിയ താമസവിലാസം രജിസ്റ്റർ ചെയ്യണം. ഇതിനായി പാസിയെ നേരിട്ട് സമീപിക്കുകയോ ‘സഹ്ൽ’ ആപ്ലിക്കേഷൻ വഴി നടപടികൾ പൂർത്തിയാക്കുകയോ ചെയ്യാം.

അറിയിപ്പിന്റെ തീയതി മുതൽ 30 ദിവസത്തിനുള്ളിലാണ് പുതിയ വിലാസം രജിസ്റ്റർ ചെയ്യേണ്ടത്. നിർദേശിച്ച സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവർക്ക് 1982ലെ 32ാം നമ്പർ നിയമത്തിലെ 33ാം വകുപ്പ് പ്രകാരമുള്ള ശിക്ഷ ബാധകമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി.

ഓരോ വ്യക്തിക്കും പരമാവധി 100 ദിനാർ വരെയാണ് പിഴ. ഒന്നിലധികം വ്യക്തികളുമായി ബന്ധപ്പെട്ട ലംഘനമുണ്ടെങ്കിൽ ഓരോരുത്തരുടെയും അടിസ്ഥാനത്തിൽ പിഴ കണക്കാക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.