കുവൈത്ത് സിറ്റി: ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതും കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട രാജ്യസുരക്ഷാ കേസിൽ മൂന്നുപേർക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയിലെ രാജ്യസുരക്ഷാ വിഭാഗമാണ് വിധി പ്രസ്താവിച്ചത്. ഇതേ കേസിൽ മറ്റു എട്ടുപേർക്ക് അഞ്ചുവർഷം വീതം തടവുശിക്ഷയും വിധിച്ചു.

ഹുസൈൻ അബ്ദുല്ല അൽ മഅ്തൂഖ്, ഹസൻ അബ്ദുൽഹാദി ഹാജിയ, അബ്ദുൽറിദ ഹൈദർ ദഹ്ഖാനി എന്നിവർക്കാണ് വധശിക്ഷ. ഇറാനുമായി ചാരബന്ധം പുലർത്തുക, രാജ്യത്തിന്റെ ദേശീയതാൽപര്യങ്ങൾക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ആഭ്യന്തരമന്ത്രിയെ വധിക്കാൻ പദ്ധതിയിടുക, ഹിസ്ബുല്ലയിൽ ചേരുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

കൗൺസിലർ നാസർ അൽ ബദർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരായ ഉമർ അൽ മുലൈഫി, അബ്ദുല്ല അൽ ഫല്ലാഹ്, സാലം അൽ സായിദ് എന്നിവർ ബെഞ്ചിൽ അംഗങ്ങളായിരുന്നു.

കേസിലെ ആദ്യ കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനൽ പങ്കാളിത്തത്തിനാണ് മറ്റു എട്ടുപേർക്ക് അഞ്ചുവർഷം വീതം തടവുശിക്ഷ വിധിച്ചത്.