കുവൈത്ത് സിറ്റി: ഹവല്ലിയിൽ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് നടത്തിയ വിപുലമായ സുരക്ഷാ–പരിശോധനാ കാമ്പയിനിൽ 1,189 പരിശോധനാ നടപടികളും നിയമലംഘനങ്ങളും മറ്റു നടപടികളും രേഖപ്പെടുത്തി. ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് 602 നടപടികൾ രേഖപ്പെടുത്തി. ഇതിൽ 353 ഗതാഗത നിയമലംഘനങ്ങളും ഉൾപ്പെടുന്നു. കേസുകളിൽ ആവശ്യപ്പെട്ടവരും ഒളിവിലോ കാണാതായവരായോ രേഖപ്പെടുത്തിയവരുമായ 23 പേരെയും താമസ–തൊഴിൽ നിയമങ്ങൾ ലംഘിച്ച 17 പേരെയും പിടികൂടി.

തിരിച്ചറിയൽ രേഖകളില്ലാത്ത 11 പേരും മയക്കുമരുന്നുമായി ആറുപേരും മദ്യവുമായി രണ്ടുപേരും പിടിയിലായി. പരിശോധനയ്ക്കിടെ 90 മാനുഷിക സഹായനടപടികളും രേഖപ്പെടുത്തി.

അഗ്നിരക്ഷാസേന 170 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും 111 സ്ഥാപനങ്ങൾ അടയ്ക്കുകയും ചെയ്തു. ഭക്ഷ്യ–പോഷകാഹാര അതോറിറ്റി 27 നിയമലംഘനങ്ങൾ രേഖപ്പെടുത്തി; 15 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചു. ഉപയോഗയോഗ്യമല്ലാത്ത 55 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഇതോടെ അടച്ച സ്ഥാപനങ്ങളുടെ ആകെ എണ്ണം 126 ആയി.

വാണിജ്യ–വ്യവസായ മന്ത്രാലയം 43 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കി. മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട 24 വാഹനങ്ങൾ നീക്കി. മാൻപവർ അതോറിറ്റി 70 പരിശോധനകൾ നടത്തുകയും ക്രമക്കേടുകൾ പരിഹരിക്കാൻ 27 അറിയിപ്പുകൾ നൽകുകയും ചെയ്തു.