കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്ത് കുവൈത്ത് ധനമന്ത്രി ഡോ. യഅ്ഖൂബ് അൽ റിഫാഇയും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ നിലവിലുള്ള സഹകരണം വികസിപ്പിക്കുന്നതിനും പുതിയ പങ്കാളിത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളാണ് കൂടിക്കാഴ്ചയിൽ പരിഗണിച്ചത്.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ കരുത്ത് ഇരുപക്ഷവും എടുത്തുപറഞ്ഞു. സാമ്പത്തിക, ധനകാര്യ മേഖലകളിൽ ഏകോപനവും സഹകരണവും തുടരേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾക്കനുസരിച്ച് ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ഊന്നൽ നൽകിയത്.
നിക്ഷേപം, സാങ്കേതിക സഹകരണം, സാമ്പത്തിക വികസനം എന്നീ മേഖലകളിലെ നിലവിലുള്ള സഹകരണവും അവ വികസിപ്പിക്കാനുള്ള അവസരങ്ങളും വിലയിരുത്തി. സുസ്ഥിര സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം അനുഭവങ്ങളും അറിവുകളും കൈമാറുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ പരിഗണിച്ചു.