കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് സീസൺ 2-ന്റെ ജേഴ്സി പ്രകാശനച്ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അസോസിയേഷൻ സ്പോർട്സ് സെക്രട്ടറി അരുൺലാൽ, ടൂർണമെന്റ് കൺവീനർ റഷീദ് എന്നിവർക്ക് ജേഴ്സി കൈമാറി പ്രകാശനകർമം നിർവഹിച്ചു.
സൗഹൃദവും ഐക്യവും കായികാവേശവും വളർത്തുന്നതിനൊപ്പം കായികപ്രതിഭകൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സീസൺ സംഘടിപ്പിക്കുന്നത്. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന കലാ, കായിക, സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയുടെയും സംഘാടനമികവിന്റെയും ഉത്തമ ഉദാഹരണങ്ങളാണെന്ന് ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു.
ഫർവാനിയയിലെ മെഡെക്സ് മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ, വിവിധ ഏരിയ കമ്മിറ്റി പ്രതിനിധികൾ, കായികപ്രേമികൾ, പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കായികരംഗത്തിലൂടെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ വേദികൾ സൃഷ്ടിക്കാനും കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്താനും ടൂർണമെന്റിന്റെ രണ്ടാം സീസൺ സഹായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാഫി കൊല്ലം സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് മജീദ് എം.കെ. അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. ആക്ടിങ് പ്രസിഡന്റ് ബി.എസ്. പിള്ള, മെഡെക്സ് പ്രതിനിധികളായ ജാബിർ കൊയ്മ, മുഹമ്മദ് ജസീൽ, മുഹമ്മദ് റാഫി, മഹിളാവേദി പ്രസിഡന്റ് രേഖ ടി., സെക്രട്ടറി സഹൈജ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ട്രഷറർ പ്രകാശൻ കീഴരിയൂർ നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന സംഘാടകർക്കും പിന്തുണയും സഹകരണവും നൽകുന്ന സ്പോൺസർമാർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.