കുവൈത്ത് സിറ്റി: കുവൈത്തും മൊറോക്കോയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹും കിരീടാവകാശിയുടെ ദിവാൻ മേധാവി ഷെയ്ഖ് താമർ ജാബർ അൽ അഹ്മദ് അൽ സബാഹും കുവൈത്തിലെ മൊറോക്കൻ അംബാസഡർ അലി ബിൻ ഈസയെ സ്വീകരിച്ചു.

കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ചരിത്രപരവും സൗഹൃദപരവുമായ ബന്ധങ്ങൾ വിലയിരുത്തി. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബന്ധത്തെ കൂടുതൽ വിശാലമായ തലത്തിലേക്ക് ഉയർത്തുന്നതിനുമുള്ള സാധ്യതകൾ ചർച്ചയായി.

ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും അഭിലാഷങ്ങൾക്കനുസരിച്ച് സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് കൂടിക്കാഴ്ചയിൽ ഊന്നൽ നൽകിയത്. പൊതുതാൽപര്യങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ബന്ധം വികസിപ്പിക്കുന്നതിന്റെ പ്രാധാന്യവും പരിഗണിച്ചു.

അമീരി ദിവാൻ കാര്യ മന്ത്രിയുടെ ഓഫീസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ സാമി അൽ മുല്ലയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.