കുവൈത്ത് സിറ്റി: 2026–2027 അധ്യയനവർഷത്തിലെ രണ്ടാം സെമസ്റ്റർ പ്രവേശനത്തിനായി കുവൈത്ത് സർവകലാശാല ഡിസംബർ 16 മുതൽ 23 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. അഡ്മിഷൻ ആൻഡ് രജിസ്ട്രേഷൻ ആക്ടിങ് ഡീൻ ഡോ. ഫാദിൽ അബ്ബാസ് അസീസ് ആണ് പ്രവേശനക്രമം അറിയിച്ചത്.
കുവൈത്തിലെ സ്കൂളുകളിൽനിന്ന് യോഗ്യത നേടിയ, പ്രവേശനനിബന്ധനകൾ പാലിക്കുന്ന കുവൈത്ത് പൗരന്മാർക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കുമാണ് പ്രഖ്യാപിച്ച വിഭാഗങ്ങൾ പ്രകാരം അപേക്ഷിക്കാനാകുക. യൂണിഫൈഡ് സിസ്റ്റം, മതപഠന ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്കൻ–ബ്രിട്ടീഷ് സ്കൂൾ സംവിധാനങ്ങൾ എന്നിവയിൽ പഠിച്ചവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹയർ സെക്കൻഡറി സയൻസ് വിഭാഗത്തിൽ കുറഞ്ഞത് 70 ശതമാനവും ആർട്സ് വിഭാഗത്തിൽ 78 ശതമാനവും മാർക്ക് വേണം. മറ്റ് പ്രവേശനനിബന്ധനകളും പാലിക്കണം. നിബന്ധനകൾ പാലിക്കുന്ന ഭിന്നശേഷിക്കാരായ കുവൈത്ത് വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്ക് സയൻസിൽ 65 ശതമാനവും ആർട്സിൽ 72 ശതമാനവുമാണ്.
കുവൈത്ത് വിദ്യാർഥികളുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം പൊതുവേ ഹയർ സെക്കൻഡറി മാർക്കും അക്കാദമിക് അഭിരുചിപരീക്ഷാ ഫലവും ഉൾപ്പെടുത്തിയ സംയോജിത മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ്. സയൻസ് കോളേജിലെ വിഷയങ്ങൾക്ക് ഹയർ സെക്കൻഡറി മാർക്കാണ് പരിഗണിക്കുക.
ആവശ്യമായ രേഖകൾ സമർപ്പിക്കാതിരിക്കുകയോ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തുകയോ ചെയ്താൽ പ്രവേശനം റദ്ദാക്കാം. അപേക്ഷാകാലാവധി കഴിഞ്ഞുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്നും സർവകലാശാല വ്യക്തമാക്കി.