കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ ഗാർഡ് അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് സാലം അൽ ബർജസ് സപ്പോർട്ട് കമാൻഡ് സന്ദർശിച്ച് പ്രവർത്തനപുരോഗതിയും സജ്ജതയും വിലയിരുത്തി. സപ്പോർട്ട് കമാൻഡർ ബ്രിഗേഡിയർ എൻജിനീയർ തലാൽ ഈസ അൽ സഈദിയും മുതിർന്ന കമാൻഡർമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.

സന്ദർശനത്തിനിടെ കമാൻഡിലെ ഉദ്യോഗസ്ഥർ നിർവഹിക്കുന്ന ചുമതലകളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള വിശദീകരണം അൽ ബർജസ് കേട്ടു. നാഷണൽ ഗാർഡിന്റെ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിലും അതിന്റെ ശേഷി ശക്തിപ്പെടുത്തുന്നതിലും സപ്പോർട്ട് കമാൻഡ് വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് സഹായവും പിന്തുണയും നൽകുന്നതിൽ ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നാഷണൽ ഗാർഡ് നേതൃത്വത്തിന്റെ അഭിനന്ദനവും ആശംസകളും അദ്ദേഹം കൈമാറി. പ്രവർത്തനരീതിയും സജ്ജതയും നേരിട്ട് വിലയിരുത്തുന്നതിനായാണ് സന്ദർശനം നടത്തിയതെന്ന് നാഷണൽ ഗാർഡ് അറിയിച്ചു.