കുവൈത്ത് സിറ്റി: രാജ്യത്തെ മലിനജല സംസ്കരണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന നോർത്ത് കബ്ദ് ശുദ്ധീകരണ പദ്ധതിക്ക് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷ്ആൻ തറക്കല്ലിട്ടു. ചൈനീസ് അംബാസഡർ യാവോ ചെൻ ചടങ്ങിൽ പങ്കെടുത്തു. കുവൈത്ത്–ചൈന സഹകരണത്തിന്റെ ഭാഗമായ പദ്ധതി ഏകദേശം 28 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് നടപ്പാക്കുന്നത്.
പ്ലാന്റിന്റെ പ്രാരംഭ പ്രവർത്തനശേഷി പ്രതിദിനം അഞ്ചുലക്ഷം ഘനമീറ്ററാണ്. ഭാവിയിൽ ഇത് പത്തുലക്ഷം ഘനമീറ്ററായി വികസിപ്പിക്കാൻ സൗകര്യമുണ്ടാകും. ശുദ്ധീകരണ പ്ലാന്റിനൊപ്പം ഷദ്ദാദിയ, ജഹ്റ, മിഷ്റഫ് എന്നിവിടങ്ങളിലെ പമ്പിങ് സ്റ്റേഷനുകളും പൈപ്പ്ലൈൻ ശൃംഖലകളും ഉൾപ്പെടുന്ന സമഗ്ര സംവിധാനമാണ് ഒരുക്കുന്നത്.
ആറുലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള ടാങ്കുകളും ശുദ്ധീകരണപ്രക്രിയയിൽ നിന്നുള്ള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാനുള്ള കേന്ദ്ര സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. സൗരോർജവും ബയോഗ്യാസും ഉപയോഗിച്ച് പദ്ധതിക്ക് ആവശ്യമായ ഊർജത്തിന്റെ 50 ശതമാനം കണ്ടെത്താനും ലക്ഷ്യമിടുന്നു.
ശുദ്ധീകരിച്ച ജലം ജലസേചനത്തിനും വൃക്ഷവത്കരണത്തിനും പുനരുപയോഗിക്കുന്നതിലൂടെ ജലവിഭവ സംരക്ഷണവും പരിസ്ഥിതി സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ മലിനജലം ശേഖരിക്കാനും കൊണ്ടുപോകാനും ശുദ്ധീകരിക്കാനും കുവൈത്തിനുള്ള ശേഷി വർധിക്കുമെന്ന് ചൈനീസ് അംബാസഡർ പറഞ്ഞു.