കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 264 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നടത്തിയ പരിശോധനയിലാണ് നടപടി.

പരിശോധനയുടെ ഭാഗമായി 11 നിയമലംഘന റിപ്പോർട്ടുകൾ രേഖപ്പെടുത്തി. ഇതിനുപുറമേ ഒരു സ്ഥാപനത്തിൽനിന്ന് നിബന്ധനകൾ പാലിക്കുമെന്ന ഉറപ്പും അധികൃതർ വാങ്ങി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കണ്ടെത്തിയ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി അതോറിറ്റി നടത്തുന്ന നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു പരിശോധന. വിപണിയിലെ ഭക്ഷ്യവസ്തുക്കൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധനയിൽ പ്രാധാന്യം നൽകിയത്.