കുവൈത്ത് സിറ്റി: പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും മാധ്യമങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനുള്ള കഴിവ് ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് അനിവാര്യമാണെന്ന് കുവൈത്തിലെ നാറ്റോ–ഇസ്താംബൂൾ സഹകരണ സംരംഭത്തിന്റെ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഉപദേഷ്ടാവ് ഇമാദ് അൽ കന്ദരി പറഞ്ഞു.
സ്ഥാപനതല ആശയവിനിമയവും മാധ്യമങ്ങളുമായി ഇടപെടുന്നതിനുള്ള നൈപുണ്യവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പ്രതിസന്ധികളും അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകുമ്പോൾ ആശയവിനിമയം കൈകാര്യം ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രതിസന്ധികളിലെ ആശയവിനിമയം’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പൊതുകാര്യ മേഖലയിലെ ഉന്നത പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അൽ കന്ദരി ഇക്കാര്യം പറഞ്ഞത്. കുവൈത്തിലെ പ്രാദേശിക കേന്ദ്രം ആതിഥേയത്വം വഹിക്കുന്ന പരിപാടി ഉത്തര മസിഡോണിയയിലെ പബ്ലിക് അഫയേഴ്സ് റീജിയണൽ സെന്ററുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. മാധ്യമ ആശയവിനിമയം കൈകാര്യം ചെയ്യുന്നതിനുള്ള അവരുടെ പ്രായോഗിക ശേഷി മെച്ചപ്പെടുത്തുന്നതിനാണ് പരിപാടിയിൽ ഊന്നൽ നൽകുന്നത്.