കുവൈത്ത് സിറ്റി: രാജ്യവും മേഖലയുമൊട്ടാകെ കടന്നുപോകുന്ന സൂക്ഷ്മമായ സാഹചര്യത്തിൽ ആഭ്യന്തര ഐക്യം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് പറഞ്ഞു. അൽ ജരീദ പത്രത്തിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരാകുകയും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ഐക്യത്തെ ലക്ഷ്യമിടുന്നതോ സാമൂഹിക കെട്ടുറപ്പിനെ ദുർബലപ്പെടുത്തുന്നതോ ആയ അഭ്യൂഹങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദിന്റെ നിർദേശപ്രകാരം പൗരന്മാരും പ്രവാസികളും നേരിടുന്ന വിവിധ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
വർഷങ്ങളായും പതിറ്റാണ്ടുകളായും പരിഹാരമില്ലാതെ തുടരുന്ന വിഷയങ്ങൾ രാജ്യത്തിന്റെ സാമൂഹികജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള സർക്കാർ പ്രവർത്തനങ്ങൾക്കൊപ്പം ദേശീയ ഐക്യവും സാമൂഹിക കെട്ടുറപ്പും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.