കുവൈത്ത് സിറ്റി: സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നത് ചികിത്സയുടെ വിജയസാധ്യതയും രോഗമുക്തിക്കുള്ള അവസരവും വർധിപ്പിക്കുമെന്ന് അബ്ദുല്ല അൽ അബ്ദുൽഹാദി ആരോഗ്യകേന്ദ്രം മേധാവി ഡോ. തസ്നീം അൽ ജാർക്കി പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് പതിവ് പരിശോധനകൾക്ക് പ്രാധാന്യം നൽകണമെന്നും അവ നീട്ടിവെക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ആരോഗ്യകേന്ദ്രം സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. രോഗം ആദ്യഘട്ടത്തിൽ തിരിച്ചറിയുന്നതിന് സമൂഹത്തിലെ അവബോധം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകൾ സ്വന്തം ആരോഗ്യകാര്യങ്ങളിൽ മുൻകൈയെടുക്കുകയും ആവശ്യമായ പരിശോധനകൾക്ക് സമയബന്ധിതമായി വിധേയരാകുകയും വേണം. പരിശോധനകൾ മാറ്റിവെക്കുന്ന പ്രവണത ഒഴിവാക്കുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമാണ് ബോധവത്കരണ പരിപാടിയിലൂടെ ഊന്നൽ നൽകിയത്.
സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പരിപാടി സംഘടിപ്പിച്ചത്.