കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ ശമ്പളം നിക്ഷേപിച്ചശേഷം തുക തിരിച്ചുപിടിക്കുന്ന കമ്പനികളുടെ ക്രമക്കേടുകൾ കണ്ടെത്താൻ പുതിയ ഇലക്ട്രോണിക് നിരീക്ഷണസംവിധാനം ഒരുക്കുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി സഹകരിച്ചാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സംവിധാനം നടപ്പാക്കാൻ തയ്യാറെടുക്കുന്നത്.
കമ്പനി ശമ്പളം ബാങ്കിലേക്ക് കൈമാറിയെന്ന് ഉറപ്പാക്കുന്നതോടൊപ്പം പണം തൊഴിലാളിക്ക് യഥാർഥത്തിൽ ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കുകയാണ് ലക്ഷ്യം. ചില കമ്പനികൾ തൊഴിലാളികളുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ശമ്പളത്തുക പിൻവലിക്കുകയും കരാറിൽ നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായ തുക പണമായി നൽകുകയും ചെയ്യുന്ന സാഹചര്യം അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
തൊഴിലാളിയെക്കൊണ്ട് ശമ്പളം മുഴുവനായോ ഭാഗികമായോ പിൻവലിപ്പിച്ച് കമ്പനിക്ക് തിരികെ നൽകാൻ നിർബന്ധിക്കുന്ന രീതിയും പുതിയ സംവിധാനത്തിലൂടെ കണ്ടെത്താനാണ് ശ്രമം. ക്രമക്കേടുകൾ കണ്ടെത്തുകയോ തൊഴിലാളികളിൽനിന്ന് പരാതി ലഭിക്കുകയോ ചെയ്താൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.
തൊഴിലുടമയുടെ വേതനവിതരണ അപേക്ഷയിൽനിന്ന് ആരംഭിച്ച് ബാങ്ക് വിവരപരിശോധന, തൊഴിലാളികളുടെ വിവരങ്ങളുമായുള്ള പൊരുത്തപ്പെടുത്തൽ, പണമടയ്ക്കാനുള്ള അംഗീകാരം, വേതനവിതരണം, ഫലം അതോറിറ്റിക്ക് കൈമാറൽ എന്നിവ ഉൾപ്പെടുന്ന എട്ട് ഘട്ടങ്ങളാണ് ഇലക്ട്രോണിക് സംവിധാനത്തിലുള്ളത്.
2026 ജനുവരി മുതൽ സെപ്റ്റംബർ വരെ കമ്പനികൾ സമർപ്പിച്ച വേതനവുമായി ബന്ധപ്പെട്ട അപേക്ഷകൾ 93,865 ആയി ഉയർന്നു. മുൻവർഷം ഇതേ കാലയളവിലെ 31,757 അപേക്ഷകളെ അപേക്ഷിച്ച് 195.6 ശതമാനത്തിന്റെ വർധനയാണിത്.