കുവൈത്ത് സിറ്റി: ഗർഭച്ഛിദ്ര ഗുളികകൾ വിൽപ്പന നടത്തുന്നതിനായി ടൂറിസ്റ്റ് വിസയിൽ പതിവായി കുവൈത്തിലെത്തിയിരുന്ന തുർക്കി പൗരനെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടി. ഇയാളിൽനിന്നും താമസസ്ഥലത്തുനിന്നുമായി 105 ഗുളികകൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗുളികകൾ വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അബു ഫത്തീറയിൽനിന്ന് പിടികൂടുമ്പോൾ ഇയാളുടെ കൈവശം ഏഴ് ഗുളികകളുണ്ടായിരുന്നു. തുടർന്ന് ഫിൻതാസിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 98 ഗുളികകൾകൂടി കണ്ടെത്തി.

ഓരോ മാസവും ടൂറിസ്റ്റ് വിസയിൽ കുവൈത്തിൽ പ്രവേശിച്ചിരുന്നതായും ഓരോ സന്ദർശനത്തിലും തുർക്കിയിൽനിന്ന് 56 ഗുളികകൾ വീതം കൊണ്ടുവന്നിരുന്നതായും പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇവ കുവൈത്തിൽ വിതരണം ചെയ്ത് വിൽക്കുകയായിരുന്നു ലക്ഷ്യം.

പ്രതിയെയും പിടിച്ചെടുത്ത ഗുളികകളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.