മുംബൈ: നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ (Ramayana: Rise of a Legend) എന്ന സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ആഗോള സംഗീതജ്ഞൻ എ.ആർ. റഹ്മാൻ.
ഗാനങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ തന്നിൽ യാതൊരു ചലനവും ഉണ്ടാക്കുന്നില്ലെന്നും താൻ ചെയ്ത ജോലിയോട് പൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത) എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘രാവണ താണ്ഡവ്’ (Ravana Tandav), ‘മംഗൾ രംഗ്’ (Mangal Rang) എന്നീ ഗാനങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും വിമർശനങ്ങളും ഉയർന്നത്.
"ഒരു ഗാനം പൂർത്തിയാക്കുന്നതിനായി ആശയം രൂപീകരിക്കുന്നത് മുതൽ നിരവധി ഘട്ടങ്ങളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് ഞങ്ങൾ കടന്നുപോകുന്നത്. അത്രയധികം പ്രയത്നിച്ച ശേഷം സോഷ്യൽ മീഡിയയിലെ ഫീഡ്ബാക്കുകളും വിമർശനങ്ങളും പോയി നോക്കാൻ എനിക്ക് ഊർജമൊന്നും ബാക്കി കാണാറില്ല," എന്ന് റഹ്മാൻ പറഞ്ഞു.
ഗാനങ്ങൾ പുറത്തിറങ്ങുമ്പോൾ ആളുകൾ ആദ്യം വിമർശിക്കാറുണ്ടെങ്കിലും പിന്നീട് അവർ തന്നെ മാറ്റിപ്പറയാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇന്നലെ ഈ പാട്ടിനെ കുറിച്ച് ഇവർ മോശമായി പറഞ്ഞു,
എന്നാൽ ഇന്ന് അവർ മാപ്പ് ചോദിക്കുന്നു എന്ന് മകൻ വന്ന് പറയാറുണ്ട്. ഞാൻ അപ്പോൾ പറയാറുള്ളത്, ഞാൻ എന്റെ ജോലി ആത്മാർത്ഥമായി ചെയ്തിട്ടുണ്ട്, ആളുകൾ ഇത് ആസ്വദിക്കുമെന്ന് കരുതുന്നു എന്നാണ്," റഹ്മാൻ കൂട്ടിച്ചേർത്തു. 'രാവണ താണ്ഡവ്' എന്ന ഗാനത്തിന് ആദ്യം വിമർശനം ലഭിച്ചെങ്കിലും പിന്നീട് ശ്രോതാക്കൾ അത് സ്വീകരിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രത്തിൽ പുതുതായി പുറത്തിറങ്ങിയ 'മംഗൾ രംഗ്' എന്ന ഗാനത്തിന് 'കവ്വാലി' (Qawwali) സ്വഭാവമുണ്ടെന്നും അത് രാമായണം പോലൊരു ഇതിഹാസ ചിത്രത്തിന്റെ പരമ്പരാഗത അന്തരീക്ഷത്തിന് അനുയോജ്യമല്ലെന്നുമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാദിക്കുന്നത്.
തന്റെ സംഗീത ജീവിതത്തിൽ 30 വർഷം പൂർത്തിയാക്കിയ റഹ്മാൻ, പഴയ വിജയങ്ങളിൽ (Rockstar, Slumdog Millionaire തുടങ്ങിയവ) തങ്ങിനിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.
"ഒരു നദി ഒഴുകുന്നതുപോലെ നാം മുന്നോട്ട് പോകണം. രാമായണം അഞ്ച് ഭാഷകളിലാണ് വരുന്നത്, ഓരോ ഭാരതീയനും അറിയാവുന്ന വലിയൊരു ഇതിഹാസ കാവ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു," അദ്ദേഹം പറഞ്ഞു.
ഹോളിവുഡ് ലെജൻഡ് ഹാൻസ് സിമ്മറുമായി ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ചും റഹ്മാൻ മനസ്സ് തുറന്നു. ഹാൻസ് സിമ്മറിന്റെ സാന്നിധ്യം ഈ ചിത്രത്തിന് ആഗോള തലത്തിൽ വലിയ ശ്രദ്ധ നൽകാൻ സഹായിക്കുമെന്നും, നിർമ്മാതാവ് നമീത് മൽഹോത്രയുടെ മികച്ചൊരു തീരുമാനമാണിതെന്നും റഹ്മാൻ പറഞ്ഞു.
നമീത് മൽഹോത്ര നിർമ്മിച്ച് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം രണ്ട് ഭാഗങ്ങളായാണ് എത്തുന്നത്. റൺബീർ കപൂർ, സായ് പല്ലവി എന്നിവർക്കൊപ്പം രാവണനായി യാഷും, ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗം ദീപാവലി റിലീസായി നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. രണ്ടാം ഭാഗം 2027 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതി.