ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവ പ്രവേശനത്തിന് കളമൊരുക്കി പ്രശസ്ത നടൻ ധനുഷ്. ആരാധക കൂട്ടായ്മയായ 'ധനുഷ് നൽപണി ഇയക്കം' പുനഃസംഘടിപ്പിച്ചുകൊണ്ട് ചെന്നൈയിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ നടന്ന കൂറ്റൻ വനിതാ സമ്മേളനത്തിലാണ് നടൻ പങ്കെടുത്തത്. സേലം, കടലൂർ, കാഞ്ചീപുരം തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ള മൂവായിരത്തിലധികം വനിതാ അംഗങ്ങളും ഭാരവാഹികളും ഈ സംഗമത്തിൽ സന്നിഹിതരായി.
നടന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ നടന്ന ഈ നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന ഗുരുതര ആരോപണവുമായി തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മണിക്കം ടാഗോർ രംഗത്തെത്തി. തമിഴ്നാട്ടിൽ ബിജെപി 'ഓപ്പറേഷൻ ഡി' ആരംഭിച്ചിട്ടുണ്ടെന്നും, ഒരു സിനിമാ താരത്തെ തങ്ങളുടെ മുഖമായി മുന്നിൽ നിർത്താനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അണ്ണാഡിഎംകെയെ തകർത്ത ശേഷം രജനികാന്തിനെ വെച്ച് പാർട്ടി തുടങ്ങാൻ ശ്രമിച്ച ബിജെപി, ഇപ്പോൾ പുതിയ നീക്കങ്ങൾ നടത്തുകയാണെന്നും ഇതിന്റെയെല്ലാം പിന്നിൽ അമിത് ഷായുടെ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈയിൽ നടന്ന സമ്മേളനത്തിന്റെ പശ്ചാത്തലം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
പരമ്പരാഗത വസ്ത്രം ധരിച്ച് കൈകൂപ്പി നിൽക്കുന്ന ധനുഷിന്റെ ചിത്രങ്ങളും ചുവന്ന നക്ഷത്രവുമുള്ള പുതിയ ലോഗോയാണ് പരിപാടിയിൽ അവതരിപ്പിച്ചത്.
കൂടാതെ, സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾക്ക് സമ്മാനമായി നൽകിയ വെള്ളിയിലുള്ള കാമാക്ഷി വിളക്കുകളിൽ ബിജെപിയുടെ ഔദ്യോഗിക ചിഹ്നമായ താമര ആലേഖനം ചെയ്തിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ധനുഷ് ഡൽഹിയിൽ രാഷ്ട്രീയ നേതാക്കളെ സന്ദർശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ.
നടന്റെ രാഷ്ട്രീയ പ്രവേശനത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളും വിവിധ രീതിയിലാണ് നോക്കിക്കാണുന്നത്. വിജയ് തമിഴക വെട്രി കഴകം (ടി.വി.കെ) രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയതിന് പിന്നാലെ ധനുഷും കളത്തിലിറങ്ങുന്നത് തമിഴ്നാട്ടിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്.
എന്നാൽ ധനുഷ് തങ്ങളുടെ മുഖ്യമന്ത്രി വിജയിക്ക് യഥാർത്ഥ എതിരാളിയാകില്ലെന്ന് ടി.വി.കെ നേതാക്കൾ പ്രതികരിച്ചു.
അതേസമയം, ജനാധിപത്യ രാജ്യത്ത് ആർക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാമെന്നും വിജയ്ക്ക് അവകാശമുള്ളതുപോലെ ധനുഷിനും രാഷ്ട്രീയത്തിൽ വരാമെന്ന് ഡിഎംകെ നേതാവ് എസ്. രഘുപതി വ്യക്തമാക്കി. കൂടാതെ, ധനുഷിനെ തങ്ങളുടെ പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്ത് എഐഎഡിഎംകെ നേതാവ് കെ.ടി. രാജേന്ദ്ര ബാലാജിയും രംഗത്തെത്തിയിട്ടുണ്ട്. താരം ഇതുവരെ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി ധനുഷ് മാറുമെന്ന സൂചനകളാണ് ഈ സംഭവങ്ങൾ നൽകുന്നത്.