കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ സാന്നിധ്യത്തിൽ നാഷണൽ ഗാർഡ് ‘ഇസ്നാദ് 4’ അഭ്യാസം സംഘടിപ്പിച്ചു. സൈനിക സ്ഥാപനങ്ങളോടും ഉദ്യോഗസ്ഥരോടുമുള്ള ഭരണനേതൃത്വത്തിന്റെ കരുതലും പിന്തുണയും പ്രതിഫലിപ്പിക്കുന്നതായിരുന്നു അമീറിന്റെ സന്ദർശനമെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി.
തഹ്രീർ ക്യാമ്പിൽ നാഷണൽ ഗാർഡിന്റെ സപ്പോർട്ട് കമാൻഡിന്റെ നേതൃത്വത്തിലാണ് അഭ്യാസം സംഘടിപ്പിച്ചത്. വിവിധ ബന്ധപ്പെട്ട വിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനും ചുമതലകൾ നിർവഹിക്കുന്നതിലുള്ള സന്നദ്ധതയും കാര്യക്ഷമതയും ഉയർത്തുന്നതിനുമാണ് പരിശീലനത്തിൽ പ്രാധാന്യം നൽകിയത്.
സൈനിക ഉദ്യോഗസ്ഥരുമായി അടുത്തിടപഴകിയ അമീറിന്റെ സാന്നിധ്യം സേനാംഗങ്ങൾക്ക് പ്രോത്സാഹനമായി. സൈനിക സ്ഥാപനങ്ങളിലെ അംഗങ്ങളോടുള്ള ഉന്നതതല പരിഗണനയുടെ തെളിവാണ് സന്ദർശനമെന്നും നാഷണൽ ഗാർഡ് അറിയിച്ചു.