തിരു: ഓഡിറ്റോറിയം ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ഇടപ്പഴഞ്ഞി ആർഡിആർ കൺവെൻഷൻ സെൻ്റിൽ നടന്നു. നികുതി അടക്കാതെയും, പൊലൂഷൻ കൺട്രോൾ ബോർഡ് ലൈസൻസില്ലാതെയും, ഫയർ & സേഫ്റ്റി ലൈസൻസില്ലാതെയും, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ യാതൊരു സർക്കാർ നിയമങ്ങൾ പാലിക്കാതെയും നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കല്യാണമണ്ഡപങ്ങൾ നികുതി അടച്ച് നിയമാനുസൃതം പ്രവർത്തിക്കുന്ന കല്യാണ മണ്ഡപങ്ങളുടെ ബിസിനസിനെ ബാധിക്കുന്നുവെന്ന് യോഗം വിലയിരുത്തി. ആരാധനാലയങ്ങൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും സർക്കാർ നൽകുന്ന നികുതിയിളവിന്റെ മറ പിടിച്ചാണ് ഇത്തരം മണ്ഡപങ്ങൾ പ്രവർത്തിക്കുന്നത്. നിയമാനുസരണം നികുതികൾ അടച്ച് സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന കല്യാണ മണ്ഡപങ്ങൾക്ക് സർക്കാർ യാതൊരു പരിരക്ഷയും പരിഗണനയും നൽകുന്നില്ല. ഇത്തരം അനധികൃതമായി പ്രവർത്തിക്കുന്ന മണ്ഡപങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ അസോസിയേഷൻ തിരുമാനിച്ചു.

ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിവേദനം നൽകിയും നേരിൽ കണ്ടും ആവശ്യപ്പെട്ടിരുന്നു. നാളിതുവരെയും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ആണ് പ്രത്യക്ഷ സമരത്തിലേക്ക് ഓഡിറ്റോറിയം അസോസിയേഷൻ മുന്നിട്ടിറങ്ങുന്നത്. കല്യാണ മണ്ഡപങ്ങളിലെ വാടകയ്ക്ക് എടുത്ത് വിവാഹ ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾക്കു എത്തുന്നവർക്കും മണ്ഡപത്തിലെ ജീവനക്കാർക്കും മണ്ഡപങ്ങൾക്കും ന്യു ഇന്ത്യ ഇൻഷ്വുറൻസ് കമ്പനിയും അസോസിയേഷനും സംയുക്തമായി ഇൻഷ്വുറൻസ് പരിരക്ഷ ഏർപ്പെടുത്തി. കല്യാണ മണ്ഡപം ക്യാമ്പസിനുള്ളിൽ ഭക്ഷ്യ വിഷബാധ ഉൾപ്പെടെയുള്ള ഏതൊരു അപകടത്തിനും ഇൻഷ്വുറൻസ് പരിരക്ഷ ലഭിക്കുംവിധമാണ് ഇൻഷ്വുറൻസ് തയ്യാറാക്കിയിരിക്കുന്നത്.

AOWA പ്രസിഡൻ്റ് ആനന്ദ് കണ്ണശ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി മോഹനൻ നായർ സ്വാഗതവും, ജനറൽ സെക്രട്ടറി എ സുധീഷ് റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ശ്യാം രാജ്, വൈസ് പ്രസിഡന്റുമാരായ എം എ ജലീൽ, ജയകുമാർ, തുടങ്ങിയവർ സംസാരിച്ചു.