അമ്മാൻ: ജോർദാനിൽ നടന്ന ഏഴാമത് അറബ് വെറ്ററൻസ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് താരങ്ങൾക്ക് മികച്ച നേട്ടം. അറബ് ടെന്നിസ് ഫെഡറേഷനും ജോർദാൻ ടെന്നിസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച മത്സരങ്ങളിൽ 14 അറബ് രാജ്യങ്ങളിൽനിന്നുള്ള 175 താരങ്ങൾ പങ്കെടുത്തു.
ഹുസൈൻ അൽ ബെഹ്‌ബഹാനി–അസ്‌റാർ അബ്ദുൽമജീദ് സഖ്യം മിക്‌സഡ് ഡബിൾസിൽ ഒന്നാം സ്ഥാനം നേടി. വനിതാ ഡബിൾസിൽ അസ്‌റാർ അബ്ദുൽമജീദ് ജോർദാൻ താരം ഹയ തഹ്ബൂബിനൊപ്പം കിരീടം സ്വന്തമാക്കി. 45 വയസ്സിനു മുകളിലുള്ള പുരുഷ ഡബിൾസിൽ അഹ്മദ് ദഷ്തി–മുഹമ്മദ് അൽ ഫൗദരി സഖ്യം രണ്ടാം സ്ഥാനത്തെത്തി. ദഷ്തി ലബനീസ് താരം ഫാതൻ ഇസ്സുദ്ദീനൊപ്പം മിക്‌സഡ് ഡബിൾസിലും രണ്ടാം സ്ഥാനം നേടി.
ടൂർണമെന്റിന്റെ നിലവാരത്തെയും സംഘാടനത്തെയും അറബ് ടെന്നിസ് ഫെഡറേഷൻ പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് അൽ ജാബർ പ്രശംസിച്ചു.