ദുബായ്: കാർഷിക സാങ്കേതികവിദ്യയും സുസ്ഥിര ഭക്ഷ്യോൽപ്പാദനവും മുൻനിർത്തിയുള്ള ഗ്രോടെക് മിഡിൽ ഈസ്റ്റ് പ്രദർശനം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ഒക്ടോബർ 26 മുതൽ 28 വരെയാണ് പരിപാടി.

ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗലീതയും ദേശീയ കാർഷിക കേന്ദ്രം ഡയറക്ടർ ജനറൽ സുൽത്താൻ സാലിം അൽ ഷംസിയും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. നേരത്തേ അഗ്ര മിഡിൽ ഈസ്റ്റ് എന്നറിയപ്പെട്ടിരുന്ന പരിപാടി പുതിയ പേരിൽ സംഘടിപ്പിക്കുന്ന ആദ്യ പതിപ്പാണിത്.

സ്മാർട്ട് കൃഷി, ജല–വിഭവ കാര്യക്ഷമത, മത്സ്യകൃഷി, മൃഗസംരക്ഷണം, സുസ്ഥിര ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ സംവിധാനങ്ങൾ പ്രദർശനത്തിലുണ്ട്. കർഷകരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സാങ്കേതികപരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും ഭക്ഷ്യവിതരണ ശൃംഖലയുടെ കരുത്ത് വർധിപ്പിക്കുന്നതിനുമാണ് പ്രാധാന്യം.