എഡിൻബറ: ബൊയ്ലോ കൊടുങ്കാറ്റിനെത്തുടർന്ന് സ്കോട്ട്ലൻഡിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. മണിക്കൂറിൽ 80 മൈൽവരെ വേഗത്തിലെത്തിയ കാറ്റ് ഗതാഗതത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.

തിങ്കളാഴ്ച രാവിലെ തങ്ങളുടെ ഏകദേശം 25,000 ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനുണ്ടെന്ന് സ്കോട്ടിഷ് ആൻഡ് സതേൺ ഇലക്ട്രിസിറ്റി നെറ്റ്‌വർക്ക്സ് അറിയിച്ചു. ഏകദേശം 70,000 ഉപഭോക്താക്കളുടെ വിതരണം പുനഃസ്ഥാപിച്ചിരുന്നു. മറ്റ് വിതരണ ശൃംഖലകളിലും അറ്റകുറ്റപ്പണികൾ തുടർന്നു.

അബർഡീൻഷയറിലെ 13 പ്രൈമറി സ്കൂളുകളും ഹൈലൻഡ്സിലെ പത്ത് പ്രൈമറി സ്കൂളുകളും വൈദ്യുതിയില്ലാത്തതിനാൽ അടച്ചു. കൊടുങ്കാറ്റിലെ നാശനഷ്ടത്തെത്തുടർന്ന് എല്ലൺ അക്കാദമിയും പ്രവർത്തിച്ചില്ല. ചില റോഡുകളിലും ഫെറി സർവീസുകളിലും തടസ്സം തുടർന്നു.

ഡംഫ്രീസ് ആൻഡ് ഗാലോവേയിൽ മരം വീണ് 60 വയസ്സുകാരൻ മരിച്ചിരുന്നു. ട്രെയിൻ സർവീസുകൾ സാധാരണനിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും യാത്രയ്ക്കുമുമ്പ് സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചു.