കിംഗ്സ്റ്റൺ: റോക്ക്സ്റ്റെഡി, റെഗ്ഗേ സംഗീത ശാഖകളിലെ പ്രമുഖ നിരൂപകനും പ്രശസ്ത ജമൈക്കൻ ഗായകനും നിർമ്മാതാവുമായ ഡെറിക് ഹാരിയോട്ട് (87) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സെന്റ് ആൻഡ്രൂവിലുള്ള സ്വന്തംവസതിയിലാണ് അന്ത്യശ്വാസം വലിച്ചത്.
അദ്ദേഹത്തിന്റെ വേർപാടോടെ ജമൈക്കൻ സംഗീത ലോകത്തെ ചരിത്രപരമായ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.
1950-കളുടെ അവസാനത്തിൽ 'ദ ജൈവിംഗ് ജൂനിയേഴ്സ്' എന്ന സംഗീത സംഘത്തിലൂടെയാണ് ഡെറിക് ഹാരിയോട്ട് തന്റെ കലാജീവിതം ആരംഭിച്ചത്. തുടർന്ന് സോളോ ഗായകനായും റെക്കോർഡ് പ്രൊഡ്യൂസറായും ത തന്റേതായ മുദ്ര പതിപ്പിച്ചു. 'ബോൺ ടു ലവ് യൂ', 'ദ ലൂസർ', 'ലെറ്റ് മി ഡൗൺ ഈസി' തുടങ്ങിയ വിഖ്യാത ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീതപ്രേമികളുടെ ഹൃദയം കവരാൻ അദ്ദേഹത്തിന് സാധിച്ചു. സംഗീത നിർമ്മാണ രംഗത്തും വലിയ വിപ്ലവം സൃഷ്ടിച്ച ഹാരിയോട്ട്, ഡെനിസ് ബ്രൗൺ, ദ കിംഗ്സ്റ്റോണിയൻസ് തുടങ്ങിയ പ്രമുഖ റെഗ്ഗേ കലാകാരന്മാരുടെ വളർച്ചയിലും നിർണ്ണായക പങ്കുവഹിച്ചു.
ജമൈക്കൻ കലാ സംസ്കാരത്തിന് നൽകിയ മികച്ച സംഭാവനകളെ മാനിച്ച് 2009-ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ 'ഓർഡർ ഓഫ് ഡിസ്റ്റിംഗ്ഷൻ' നൽകി ജമൈക്കൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.
കൂടാതെ, 2019-ൽ ജമൈക്ക റെഗ്ഗേ ഇൻഡസ്ട്രി അസോസിയേഷൻ (JaRIA) അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും സമ്മാനിച്ചു.
ജമൈക്കൻ സംഗീതത്തെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്നതിൽ മുന്നിൽ നിന്ന ഹാരിയോട്ടിന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും ആഗോള സംഗീത ലോകവും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.