ന്യൂയോർക്ക്: കാണാതായ കുവൈത്തുകാരുടെയും മറ്റു രാജ്യക്കാരുടെയും വിവരങ്ങൾ കണ്ടെത്തുന്നതിനും കുവൈത്തിൽനിന്ന് കൊണ്ടുപോയ സ്വത്തുക്കളും ദേശീയ രേഖാശേഖരവും തിരിച്ചുനൽകുന്നതിനുമുള്ള നടപടികൾ ഇറാഖ് വേഗത്തിലാക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിൽ സംസാരിച്ച അസിസ്റ്റന്റ് വിദേശകാര്യമന്ത്രി അംബാസഡർ റബീഅ് അൽ അദ്സാനിയാണ് ആവശ്യം ഉന്നയിച്ചത്.
ഖമീസിയയിലെ ചില ശവസംസ്കാര സ്ഥലങ്ങളിൽ കാണാതായ 150 മുതൽ 180 വരെ കുവൈത്തുകാരുടെ അവശിഷ്ടങ്ങൾ ഉണ്ടാകാമെന്ന് ലഭ്യമായ വിവരങ്ങളും സാക്ഷിമൊഴികളും സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ സാധ്യത സ്ഥിരീകരിക്കാൻ തുടർപരിശോധനകൾ ആവശ്യമാണ്.
സാക്ഷികളെയും വിവരങ്ങൾ കൈവശമുള്ള മുൻ ഉദ്യോഗസ്ഥരെയും അഭിമുഖം ചെയ്യുന്നതിലെ കാലതാമസം നിർണായക വിവരങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. കാണാതായവരുടെ വിവരങ്ങൾ കണ്ടെത്താനും ദേശീയ രേഖകളും സ്വത്തുക്കളും തിരിച്ചുപിടിക്കാനും വ്യക്തമായ നടപടിക്രമവും സമയപരിധിയും വേണമെന്നാണ് ആവശ്യം.