ദോഹ: രാജ്യത്തെ ഇന്ധനനിലയങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും സുരക്ഷാ–സാങ്കേതിക മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി ഖത്തർ എനർജിയിൽ പ്രത്യേക സമിതി രൂപീകരിക്കാൻ പുതിയ നിയമം. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പുറപ്പെടുവിച്ച 2026-ലെ 16-ാം നമ്പർ നിയമം ഒക്ടോബർ 25-ലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

ഇന്ധനനിലയങ്ങളുടെ പരിശോധന, ലൈസൻസ് അപേക്ഷകളും പുതുക്കലുകളും പരിഗണിക്കൽ, നിലയങ്ങളിലും അനുബന്ധ സൗകര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾക്ക് അനുമതി നൽകൽ എന്നിവ സമിതിയുടെ ചുമതലയാകും. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളും പരിശോധിക്കും.

ജീവനക്കാർക്ക് പരിശീലനം, അടിയന്തര പ്രതികരണ പദ്ധതി, ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ എന്നിവ നടത്തിപ്പുകാർ ഉറപ്പാക്കണം. ഗുരുതരമായ ലംഘനങ്ങൾക്ക് ഇന്ധനവിതരണം നിർത്തിവയ്ക്കുകയോ നിലയം അടയ്ക്കുകയോ ചെയ്യാം. അന്തിമ അടച്ചുപൂട്ടൽ ഉത്തരവിനു ശേഷവും പ്രവർത്തിക്കുന്നതിന് ഒരു വർഷംവരെ തടവും 20 ലക്ഷം റിയാൽവരെ പിഴയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.