കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിലൂടെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച 33.5 കിലോഗ്രാം തൻബാക് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. വിദേശത്തുനിന്നെത്തിയ യാത്രക്കാരന്റെ ലഗേജിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നം കണ്ടെത്തിയത്.
യാത്രക്കാരന്റെ ബാഗേജിൽ സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. രണ്ട് കാർട്ടണുകളിലായാണ് തൻബാക് സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പിടിച്ചെടുക്കൽ രേഖകൾ തയ്യാറാക്കി തുടർ നിയമനടപടികൾക്കായി വിമാനത്താവള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രാജ്യത്തേക്കുള്ള പ്രവേശനകവാടങ്ങളിൽ നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനുള്ള നിരീക്ഷണം തുടരുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. യാത്രക്കാർ കസ്റ്റംസ് നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.