ലണ്ടൻ: നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ഓക്സ്ഫഡ് സ്ട്രീറ്റിന്റെ ഒരുഭാഗം ഒക്ടോബർ 26 മുതൽ വാഹനരഹിത മേഖലയാക്കി. ഓർച്ചാർഡ് സ്ട്രീറ്റിനും ഗ്രേറ്റ് പോർട്ട്‌ലൻഡ് സ്ട്രീറ്റിനുമിടയിലെ ഏകദേശം ഒരുകിലോമീറ്റർ ഭാഗത്താണ് നിയന്ത്രണം.

സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ടാക്സികൾ, സൈക്കിളുകൾ, ഇ–സ്കൂട്ടറുകൾ, പെഡികാബുകൾ എന്നിവയ്ക്ക് ഈ ഭാഗത്ത് പ്രവേശനമില്ല. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന മൊബിലിറ്റി സ്കൂട്ടറുകൾ അനുവദിക്കും. ചരക്കുനീക്കത്തിനും സേവനങ്ങൾക്കുമുള്ള വാഹനങ്ങൾക്ക് നിശ്ചിത വഴികളിലൂടെ അർധരാത്രി മുതൽ രാവിലെ ഏഴുവരെ പ്രവേശിക്കാം.

പദ്ധതിയുടെ ഭാഗമായി ബസ് റൂട്ടുകളിലും സ്റ്റോപ്പുകളിലും മാറ്റങ്ങളുണ്ട്. നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴനോട്ടീസ് നൽകാമെന്ന് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ വ്യക്തമാക്കി.

കാൽനടയാത്രക്കാർക്ക് കൂടുതൽ വിശാലവും സുരക്ഷിതവുമായ ഇടം ഒരുക്കുന്ന പദ്ധതിയുടെ തുടർഘട്ടങ്ങളിൽ ഇരിപ്പിടങ്ങൾ, ചെടികൾ, പൊതുചത്വരങ്ങൾ എന്നിവ സജ്ജീകരിക്കും.