കുവൈത്ത് സിറ്റി: ശൈത്യകാലവും മഴയും മുന്നിൽക്കണ്ട് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കുവൈത്ത് ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. ടയറുകൾ, ബ്രേക്കുകൾ, വൈപ്പറുകൾ, ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനം പരിശോധിക്കണമെന്നും മഴക്കാലത്ത് വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കണമെന്നും ട്രാഫിക് ബോധവത്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസൻ നിർദേശിച്ചു.
‘സബാഹ് അൽ ഖൈർ യാ കുവൈത്ത്’ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയിൽ കാഴ്ചപരിധി കുറയുകയും റോഡിൽ ടയറുകളുടെ പിടിത്തം താഴുകയും ചെയ്യുന്നതിനാൽ നിർദിഷ്ട വേഗപരിധിയും ഗതാഗതനിയമങ്ങളും പാലിക്കണം.
കാൽനടയാത്രക്കാർ നിശ്ചിത ക്രോസിങ്ങുകൾ ഉപയോഗിക്കണം. മരുഭൂമി യാത്രകൾക്കായി പ്രധാന റോഡുകളിൽനിന്നും ഹൈവേകളിൽനിന്നും അകലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും റോഡരികുകളിൽ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് അടച്ചിടലുകളും വഴിതിരിച്ചുവിടലുകളും അറിയാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണം.