കുവൈത്ത് സിറ്റി: മഴയ്ക്കായി പ്രാർഥിക്കുന്ന ഇസ്തിസ്ഖാ നമസ്കാരത്തിനായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി 125 പള്ളികൾ കുവൈത്ത് ഇസ്‌ലാമികകാര്യ മന്ത്രാലയം നിശ്ചയിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിശ്വാസികൾക്ക് പങ്കെടുക്കാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് പള്ളികൾ തിരഞ്ഞെടുത്തത്.

പ്രവാചകചര്യ പിന്തുടർന്ന് മഴയ്ക്കായി അല്ലാഹുവിനോട് പ്രാർഥിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക നമസ്കാരം സംഘടിപ്പിക്കുന്നത്. മഴ വൈകുന്ന സാഹചര്യത്തിൽ വിശ്വാസികൾ ഒരുമിച്ചുകൂടി പ്രാർഥിക്കുന്ന ആരാധനാകർമമാണ് ഇസ്തിസ്ഖാ നമസ്കാരം.

ശനിയാഴ്ച രാവിലെയാണ് നമസ്കാരം . രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിർദിഷ്ട പള്ളികളിലായിരിക്കും നമസ്കാരം നടക്കുക.