കുവൈത്ത് സിറ്റി: സാമ്പത്തിക, വാണിജ്യ, നിക്ഷേപ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബ്ലാക്ക്‌റോക്ക്, കെകെആർ എന്നീ ആഗോള നിക്ഷേപ സ്ഥാപനങ്ങളുടെ മേധാവികളുമായി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിൽ നടന്ന വ്യത്യസ്ത കൂടിക്കാഴ്ചകളിലാണ് സഹകരണസാധ്യതകൾ വിലയിരുത്തിയത്.

ബ്ലാക്ക്‌റോക്ക് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ലാറി ഫിങ്കിനെയും അനുഗമിച്ച പ്രതിനിധിസംഘത്തെയും പ്രധാനമന്ത്രി സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും ചർച്ചയായി.

കെകെആർ സഹ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്‌കോട്ട് നട്ടാളുമായും പ്രധാനമന്ത്രി ചർച്ച നടത്തി. പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനും നിക്ഷേപബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സാധ്യതകളാണ് കൂടിക്കാഴ്ചകളിൽ പരിഗണിച്ചത്.