തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ്ജയിലിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ 17 വിചാരണത്തടവുകാർ ജീവനക്കാരെ ആക്രമിച്ച് ചാടിപ്പോയി. തിങ്കളാഴ്ച രാത്രിയോടെയാണ് ജയിലിനുള്ളിൽ അതിക്രമം നടന്നത്.
തടവുകാരിൽ ഒരാൾക്ക് പെട്ടെന്ന് അപസ്മാരം ബാധിച്ചതായി അഭിനയിച്ച് ബഹളം വച്ച സംഘം, വിവരമറിഞ്ഞ് സെല്ലിന്റെ വാതിൽ തുറന്ന് അകത്തുകടന്ന ജയിൽ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗ്രേഡ്-2 പോലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഉദ്യോഗസ്ഥരെ കീഴടക്കി താക്കോൽ കൈക്കലാക്കിയ തടവുകാർ ജയിലിന്റെ പ്രധാന കവാടത്തിലൂടെ പുറത്തുകടക്കുകയായിരുന്നു. ഒരു സെല്ലിൽ കഴിഞ്ഞിരുന്ന ആയുധക്കേസുകളിലടക്കം പ്രതികളായ തമിഴ്നാട് സ്വദേശികളാണ് രക്ഷപ്പെട്ടത്.
സംഭവത്തെ തുടർന്ന് സൗത്ത് സോൺ ഐ.ജി വിജയേന്ദ്ര ബിദാരിയുടെ നേതൃത്വത്തിൽ തമിഴ്നാട് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
ഒളിവിലുള്ള തടവുകാരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പോലീസും ഡോഗ് സ്ക്വാഡും ഡ്രോണുകളും ഉപയോഗിച്ച് സമീപത്തെ വനമേഖലകളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇതിനിടെ ജയിൽ ചാടിയവരിൽ ഒരാളായ പെരിങ്കുടി സ്വദേശി പ്രവീണിനെ പോലീസ് കാട്ടിൽ നിന്ന് പിടികൂടി.
തടവുകാർ ഇടുക്കി, പാലക്കാട് അതിർത്തികൾ വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇരു സംസ്ഥാനങ്ങളുടെയും ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. വഞ്ചീശ്വരം, കുമളി, ബോഡിമെട്ട് തുടങ്ങിയ പ്രധാന ബോർഡർ പോയിന്റുകളിൽ കേരള പോലീസും അതിർത്തി സുരക്ഷാ വിഭാഗവും അതീവ ജാഗ്രതയിലാണ്. ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും സംശയാസ്പദ സാഹചര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.