തൊടുപുഴ: സര്‍ക്കാരിന്റെയോ പോലീസ് ആസ്ഥാനത്തിന്റെയോ യാതൊരുവിധ മുന്‍കൂര്‍ ഭരണാനുമതിയും കൂടാതെ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ അനധികൃതമായി ജിംനേഷ്യവും ഹെല്‍ത്ത് ക്ലബ്ബും നിര്‍മ്മിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ കുരുക്ക്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ് ഉള്‍പ്പെടെ പത്തു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. മുന്‍പും വിവിധ വിഷയങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സി.ഐ അഭിലാഷ് ഡേവിഡ് വീണ്ടും പുതിയ വിവാദത്തിന്റെ നിഴലിലാവുകയാണ്.

സംഭവത്തില്‍ ദക്ഷിണമേഖലാ ഐ.ജി ആര്‍. നിശാന്തിനിയാണ് അന്വേഷണ ഉത്തരവിറക്കിയത്. എറണാകുളം റൂറല്‍ പോലീസ് അഡീഷണല്‍ സൂപ്രണ്ടിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ കരട് രേഖകള്‍ 14 ദിവസത്തിനകം തയ്യാറാക്കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഐ.ജിയുടെ ഉത്തരവില്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ്, സബ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് എന്നിവരെ കൂടാതെ എട്ട് കീഴുദ്യോഗസ്ഥരും അന്വേഷണം നേരിടുന്നുണ്ട്. എസ്.സി.പി.ഒമാരായ ബൈജു പി.കെ., ബിനോയ് ടി.എം., സി.പി.ഒമാരായ അയ്യപ്പദാസ്, ഗണേഷ്, മനു, റിയാദ്, സനൂപ്, വിഷ്ണു വേണുഗോപാല്‍ എന്നിവരാണ് കടുത്ത അച്ചടക്ക നടപടിക്ക് വിധേയരാകുന്ന മറ്റ് ഉദ്യോഗസ്ഥര്‍.

സ്റ്റേഷന്‍ വളപ്പിലെ ഹെല്‍ത്ത് ക്ലബ് നിര്‍മ്മാണം ഔദ്യോഗിക ചട്ടങ്ങളുടെ പൂര്‍ണ്ണമായ ലംഘനമാണെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക ഫണ്ടോ ഭരണാനുമതിയോ ഇല്ലാതെ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കെട്ടിടങ്ങള്‍ ഉയര്‍ത്തിയത് കേരള പോലീസ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും വകുപ്പ് വിലയിരുത്തുന്നു.

കഴിഞ്ഞ 2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അന്നത്തെ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ വാക്കാലുള്ള നിര്‍ദ്ദേശം മാത്രം അടിസ്ഥാനമാക്കിയാണ് ജിംനേഷ്യത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനായി സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ സാങ്കേതിക അനുമതിയോ നിര്‍മ്മാണാനുമതിയോ കൈപ്പറ്റിയിരുന്നില്ല.

പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്ന നിര്‍മ്മാണ മാനദണ്ഡങ്ങളോ ചട്ടങ്ങളോ പാലിക്കാതെയായിരുന്നു കെട്ടിടം പണിതത്. പദ്ധതി വിഹിതത്തിലോ പദ്ധതിയിതര വിഭാഗത്തിലോ ഇതിനായി തുകയൊന്നും മാറ്റിവെച്ചിരുന്നില്ല. യാതൊരുവിധ രേഖകളുമില്ലാതെ നിര്‍മ്മാണം നടത്തിയതില്‍ വലിയ സാമ്പത്തിക-സേവന അപാകതകള്‍ ഉള്ളതായാണ് സൂചന.

പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിന്റെ മറപിടിച്ചാണ് നിര്‍മ്മാണം നടത്തിയത് എങ്കിലും വാണിജ്യപരമായ ലക്ഷ്യങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടായിരുന്നുവെന്ന് ഐ.ജി വ്യക്തമാക്കുന്നു. അന്നത്തെ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും കാന്റീന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുമായിരുന്നു കെട്ടിട നിര്‍മ്മാണ നീക്കങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.

നിര്‍മ്മാണ ആവശ്യത്തിന് പണം കണ്ടെത്താന്‍ സ്വീകരിച്ച വഴികളാണ് അന്വേഷണ സംഘത്തെ കൂടുതല്‍ ഞെട്ടിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് തുക തികയാതെ വന്നതോടെ ആറ് സി.പി.ഒമാര്‍ പോലീസ് സഹകരണ സംഘത്തില്‍നിന്ന് വ്യക്തിഗത വായ്പ എടുക്കുകയായിരുന്നു.

ഇങ്ങനെ വായ്പയെടുത്ത തുക പിന്നീട് പോലീസുകാരുടെ കാന്റീന്‍ ഫണ്ടില്‍ നിന്ന് തിരിച്ചടയ്ക്കാനായിരുന്നു ഉദ്യോഗസ്ഥ സംഘം ലക്ഷ്യമിട്ടിരുന്നത്. കാന്റീന്‍ ഫണ്ട് വകമാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്കോ അനുമതിയില്ലാത്ത നിര്‍മ്മാണങ്ങള്‍ക്കോ ഉപയോഗിക്കാന്‍ ശ്രമിച്ചത് ഗുരുതര സാമ്പത്തിക ക്രമക്കേടായി തന്നെയാണ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നത്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് കണ്ടാണ് കൂട്ടായ നടപടികളിലേക്ക് നീങ്ങിയത്. കേരള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറി റൂള്‍സ് പ്രകാരമാണ് പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഒരേസമയം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സി.ഐ അഭിലാഷ് ഡേവിഡുമായി ബന്ധപ്പെട്ട് മുന്‍പുണ്ടായ തര്‍ക്കങ്ങളും വിവാദങ്ങളും നിലനില്‍ക്കെയാണ് പുതിയ വാര്‍ത്ത കൂടി പുറത്തുവരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് ഉള്‍പ്പെടെ വിശദമായി പരിശോധിക്കാനാണ് എറണാകുളം റൂറല്‍ അഡീഷണല്‍ എസ്.പിയുടെ തീരുമാനം. വരുന്ന 14 ദിവസത്തിനകം ആരോപണവിധേയരായ എല്ലാവര്‍ക്കും കുറ്റപത്രം നല്‍കി വിശദീകരണം തേടും.