കുവൈത്ത് സിറ്റി: വാഹനമോടിക്കുമ്പോൾ ലെയിൻ മാറുന്നതിനുമുമ്പ് സുരക്ഷ ഉറപ്പാക്കണമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. മറ്റു വാഹനങ്ങളുടെ സഞ്ചാരത്തിന് തടസ്സമോ അപകടമോ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ലെയിൻ മാറ്റാവൂവെന്ന് വകുപ്പ് നിർദേശിച്ചു.
ലെയിൻ മാറുന്നതിന് മുമ്പ് റോഡിലെ സാഹചര്യം വിലയിരുത്തണം. തുടർന്ന് മതിയായ സമയം മുൻകൂട്ടി ഇൻഡിക്കേറ്റർ ഉപയോഗിച്ച് മറ്റു ഡ്രൈവർമാർക്ക് സൂചന നൽകണം. മാറാൻ ഉദ്ദേശിക്കുന്ന ലെയിനിലേക്ക് വാഹനം ക്രമേണ അടുപ്പിച്ച് സാവധാനത്തിലും ശ്രദ്ധയോടെയും ലെയിൻ മാറ്റം പൂർത്തിയാക്കണം.
മറ്റു വാഹനങ്ങളുടെ സാന്നിധ്യം തടസ്സമാകുന്ന സാഹചര്യത്തിൽ ലെയിൻ മാറാനുള്ള ശ്രമം ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. സുരക്ഷ ഉറപ്പാക്കുക, മുൻകൂട്ടി സൂചന നൽകുക, ക്രമേണ സമീപിക്കുക, ശ്രദ്ധയോടെ മാറ്റം പൂർത്തിയാക്കുക എന്നീ നടപടികളാണ് ബോധവത്കരണ സന്ദേശത്തിൽ വിശദീകരിക്കുന്നത്.
ഗതാഗതനിയമങ്ങളും സുരക്ഷാനിർദേശങ്ങളും പാലിക്കുന്നത് ജീവൻ സംരക്ഷിക്കുന്നതിനാണെന്നും ട്രാഫിക് വകുപ്പ് ഓർമിപ്പിച്ചു.