കുവൈത്ത് സിറ്റി: ഉത്ഭവരാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ മാറ്റി മാംസം വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ അറുപതോളം അറവുമൃഗങ്ങളുടെ മാംസം പിടിച്ചെടുത്തു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലും തുടർന്നുള്ള പരിശോധനയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. മാംസത്തിന്റെ യഥാർഥ ഉത്ഭവരാജ്യം മറച്ചുവെച്ച് മറ്റൊരു രാജ്യത്തിന്റെ ഉൽപ്പന്നമെന്ന നിലയിൽ വിൽപ്പന നടത്തിയതിനാണ് നടപടി.

ഉൽപ്പന്നത്തിന്റെ ഉത്ഭവം ഉൾപ്പെടെയുള്ള അടിസ്ഥാനവിവരങ്ങളിൽ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത് വാണിജ്യ വഞ്ചനയുടെ പരിധിയിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉൽപ്പന്നത്തിന്റെ സ്വഭാവം, അളവ്, ഭാരം, ഉത്ഭവം എന്നിവ സംബന്ധിച്ച വഞ്ചനകൾക്കെതിരായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നടപടി.