കുവൈത്ത് സിറ്റി: വാട്ടർ പമ്പുകളുടെ ഉത്ഭവരാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ മാറ്റിയ സാൽമിയയിലെ ഗോഡൗണിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പമ്പുകളുടെ യഥാർഥ ഉത്ഭവരാജ്യത്തിന് പകരം മറ്റൊരു രാജ്യത്തിന്റെ വിവരങ്ങൾ നൽകുന്ന പ്രവൃത്തിയാണ് പരിശോധനയിൽ പുറത്തുവന്നത്. ഉൽപ്പന്നത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് കണ്ടെത്തിയത്.
സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ ഓരോന്നിന്റെയും അധികാരപരിധിക്കനുസരിച്ച് തുടർനടപടികൾ ഏകോപിപ്പിച്ചാണ് മുന്നോട്ടുപോകുന്നത്.