ദുബായ്: യുഎഇ തീരത്തുണ്ടായ എണ്ണച്ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ വടക്കൻ എമിറേറ്റുകളിൽ തീരദേശ നിയന്ത്രണങ്ങൾ തുടരുന്നു.

ഉമ്മുൽഖുവൈനിലെ ബീച്ചുകളും തീരപ്രദേശങ്ങളും ഷാർജയിലെ അൽ ഹംരിയ ബീച്ചും താൽക്കാലികമായി അടച്ചിട്ടുണ്ട്. റാസൽഖൈമയിലെ പൊതുബീച്ചുകളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം അനുവദിക്കില്ല. എണ്ണ നീക്കം ചെയ്യാനും മലിനീകരണത്തിന്റെ വ്യാപ്തി വിലയിരുത്താനും പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നു.

അടച്ചിട്ട തീരപ്രദേശങ്ങളിലേക്ക് പൊതുജനങ്ങൾ പോകരുതെന്നും മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.