കുവൈത്ത് സിറ്റി: യുവാക്കൾ രാജ്യത്തിന്റെ യഥാർഥ സമ്പത്തും ഭാവിനിർമാണത്തിന്റെ അടിസ്ഥാനശക്തിയുമാണെന്ന് തലസ്ഥാന ഗവർണർ ഷെയ്ഖ് അബ്ദുല്ല സാലം അൽ അലി അൽ സബാഹ് പറഞ്ഞു. ഷെയ്ഖ് ജാബർ അൽ അഹ്മദ് കൾച്ചറൽ സെന്ററിൽ ആരംഭിച്ച ‘കഫു 2026’ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതിജീവനത്തിൽനിന്ന് വികസനത്തിലേക്ക്: കുവൈത്ത് യുവത ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലാണ് സംഗമം. അറിവും ശാസ്ത്രവും സർഗാത്മകതയും ഉപയോഗിച്ച് രാജ്യത്തിന്റെ വികസനത്തിൽ യുവാക്കൾ പങ്കാളികളാകണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു.
യുവപ്രതിഭകളെ കണ്ടെത്താനും അവരുടെ ആശയങ്ങളെ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റാനും അവസരമൊരുക്കുകയാണ് കഫുവിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ. ഫാത്തിമ അൽ മൂസവി പറഞ്ഞു. അമീരി ദിവാന്റെ പിന്തുണ പ്ലാറ്റ്ഫോമിന്റെ വളർച്ചയ്ക്ക് സഹായകമായെന്നും അവർ വ്യക്തമാക്കി.
സുരക്ഷ, ജലം, ഭക്ഷണം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, നിർമിതബുദ്ധി, സാമ്പത്തികവികസനം, യുവജന–വനിതാ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലാണ് സംഗമത്തിലെ ചർച്ചകൾ.