​യാത്രാമധ്യേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ ഹൃദ്രോഗിക്ക് വെറും 10 രൂപയുടെ ചില്ലറ ഇല്ലാത്തതിന്റെയും ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കാത്തതിന്റെയും പേരിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. പെരുമ്പാവൂർ സ്വദേശി കരീം എ.കെ എന്നയാൾക്കാണ് ഗുരുതരമായ ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

​ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

യാത്രാമധ്യേ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കരീം കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഒപ്പമുണ്ടായിരുന്നവരുടെ കൈവശം ചില്ലറയായി 10 രൂപ ഇല്ലാതിരുന്നതും, ആശുപത്രിയിൽ ഓൺലൈൻ പേയ്മെന്റ് സൗകര്യം സ്വീകരിക്കില്ലെന്ന് ജീവനക്കാർ കടുംപിടുത്തം പിടിച്ചതും പ്രതിസന്ധിയായി.

പത്ത് രൂപ നോട്ടായി നൽകാതെ ഒപിയുടെ ചീട്ട് നൽകില്ലെന്ന് ജീവനക്കാരി വാശിപിടിക്കുകയായിരുന്നു.

​ചികിത്സ അത്യാവശ്യമാണെങ്കിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ ജീവനക്കാരി ആവശ്യപ്പെടുകയും ചെയ്തു.

ഇതിനെത്തുടർന്ന് നെഞ്ചുവേദന അനുഭവിച്ചുകൊണ്ട് രോഗിക്ക് പുലർച്ചെ ഒരു മണി മുതൽ മുക്കാൽ മണിക്കൂറോളം ആശുപത്രിയിൽ കാത്തുനിൽക്കേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരി തനിക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തതായി രോഗി വെളിപ്പെടുത്തി.

​തുടർന്ന് ഡോക്ടർ പരിശോധിച്ചപ്പോൾ കരീമിന്റെ ബി.പി ഉയർന്ന നിലയിലാണെന്നും ഇ.സി.ജിയിൽ വ്യതിയാനങ്ങളുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തരമായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

അവിടെയെത്തി ചികിത്സ തേടിയ ശേഷമാണ് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടത്.

​സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് രോഗിയോട് മോശമായി പെരുമാറിയ ആശുപത്രി ജീവനക്കാരിയെ പിന്നീട് സസ്പെൻഡ് ചെയ്തു.

ആരോഗ്യനില വളരെ മോശമായ അവസ്ഥയിലുള്ള ഒരു രോഗിയോട് ജീവനക്കാരി കാണിച്ച ഈ മാനുഷിക പരിഗണനയില്ലാത്ത പെരുമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.