കുവൈത്ത് സിറ്റി: ഇറാൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതി മുഹമ്മദ് തൂതുൻജിയെ വിളിച്ചുവരുത്തി. ഉപവിദേശകാര്യ മന്ത്രി ഹമദ് അൽ മിശ്ആൻ സ്ഥാനപതിക്ക് ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി.
എംബസിയുടെ പ്രസ്താവനയിൽ കുവൈത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലും രാജ്യത്തിന്റെ പരമാധികാരത്തെയും നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന പരാമർശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾക്കും നയതന്ത്ര മര്യാദകൾക്കും വിരുദ്ധമാണെന്നാണ് കുവൈത്തിന്റെ നിലപാട്.
രാജ്യത്തെ കോടതികൾ പുറപ്പെടുവിക്കുന്ന വിധികളിൽ ഏതുതരത്തിലുള്ള വിദേശ ഇടപെടലും നിരാകരിക്കുന്നതായി ഉപവിദേശകാര്യ മന്ത്രി അറിയിച്ചു. ദേശീയ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും പാലിക്കാൻ ഇറാൻ തയ്യാറാകണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. നല്ല അയൽബന്ധം നിലനിർത്തുക, മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ തത്ത്വങ്ങളും 1961-ലെ നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവെൻഷനിലെ വ്യവസ്ഥകളും പാലിക്കണമെന്നും വ്യക്തമാക്കി.