കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖ് പ്രദേശത്തിന്റെ വികസനവും പുനഃക്രമീകരണവും സംബന്ധിച്ച് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ കൊട്ടാരത്തിൽ ഉന്നതതല യോഗം ചേർന്നു.

പ്രദേശത്തെ സർക്കാർ ഭൂമി മികച്ച രീതിയിൽ വിനിയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഭൂമിയുടെ സ്ഥാനപരമായ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും രാജ്യത്തിന്റെ വികസന ദിശയ്ക്ക് അനുസൃതമായി നടപടികൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നതിനുള്ള മാർഗങ്ങളും വിലയിരുത്തി.

പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിശ്ആൻ, മുനിസിപ്പൽ–ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിശാരി, നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത്, വൈദ്യുതി–ജല–പുനരുപയോഗ ഊർജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം എന്നിവർ പങ്കെടുത്തു.

സാമ്പത്തികകാര്യ–നിക്ഷേപ സഹമന്ത്രിയും ആക്ടിങ് വാണിജ്യ–വ്യവസായ മന്ത്രിയുമായ അബ്ദുൽ അസീസ് അൽ മർസൂഖ്, ധനമന്ത്രി ഡോ. യഅ്ഖൂബ് അൽ റിഫാഈ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിങ് മേധാവി ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അൽ സബാഹ്, ഫത്‌വ–നിയമനിർമാണ വിഭാഗം മേധാവി കൗൺസിലർ സലാഹ് അൽ മാജിദ്, കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനാൽ അൽ അസ്ഫൂർ എന്നിവരും പങ്കെടുത്തു.