കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങളും സുരക്ഷാഭീഷണികളും നേരത്തേ തിരിച്ചറിഞ്ഞ് തടയുന്നതിനും ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിനും ഊന്നൽ നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ 2030 തന്ത്രപദ്ധതി. ‘ഷീൽഡ് ഓഫ് ദി നേഷൻ’ എന്ന പേരിലുള്ള പദ്ധതിയുടെ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന വീഡിയോയിലാണ് മാനവവിഭവശേഷി വികസനത്തിനും സാങ്കേതിക നവീകരണത്തിനുമുള്ള പ്രാധാന്യം അധികൃതർ വ്യക്തമാക്കിയത്.

ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള സുരക്ഷാസംവിധാനം കെട്ടിപ്പടുക്കുന്നതിന് ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സാങ്കേതികവിദ്യകൾ ലഭ്യമാക്കുകയും വേണമെന്ന് മാനവവിഭവശേഷി–വിവരസാങ്കേതികവിദ്യാ വിഭാഗം മേധാവി ബ്രിഗേഡിയർ അൻവർ അഹമ്മദ് അൽയമാനി പറഞ്ഞു. വ്യക്തമായ ലക്ഷ്യങ്ങളോടെയുള്ള തന്ത്രപരമായ ആസൂത്രണത്തിലൂടെ സുരക്ഷാമേഖലയുടെ പ്രവർത്തനക്ഷമത ഉയർത്തുകയാണ് ലക്ഷ്യം. നടപടിക്രമങ്ങൾ ലളിതമാക്കുന്ന നൂതന സംവിധാനങ്ങളും ഡിജിറ്റൽ സേവനങ്ങളും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റകൃത്യങ്ങളുടെ രീതികൾ മാറുന്നതിനനുസരിച്ച് അന്വേഷണസംവിധാനങ്ങളും മുന്നേറേണ്ടതുണ്ടെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം മേധാവി ബ്രിഗേഡിയർ ഫഹദ് അൽബഷർ പറഞ്ഞു. വിവരവിശകലനവും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് അപകടസാധ്യതകളും സുരക്ഷാഭീഷണികളും നേരത്തേ കണ്ടെത്തുന്നത് കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണായകമാണ്.

ക്രിമിനൽ അന്വേഷണങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുക, അന്വേഷണരീതികൾ മെച്ചപ്പെടുത്തുക, നടപടികളുടെ വേഗവും കൃത്യതയും വർധിപ്പിക്കുക എന്നിവയ്ക്കും പദ്ധതി പ്രാധാന്യം നൽകുന്നു. കുറ്റകൃത്യം നടന്നശേഷമുള്ള നടപടികളിൽനിന്ന് അവ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയുന്ന സമീപനത്തിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.