കുവൈത്ത് സിറ്റി: കുവൈത്തിൽ പകൽ സമയത്ത് ചൂട് അനുഭവപ്പെടുന്ന, ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തീരപ്രദേശങ്ങളിൽ താരതമ്യേന കൂടുതൽ ഈർപ്പം അനുഭവപ്പെടും. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസാണ്.

പകൽ കാറ്റിന്റെ ദിശ മാറിമാറിവരികയും തുടർന്ന് തെക്കുകിഴക്കൻ ദിശയിലേക്ക് തിരിയുകയും ചെയ്യും. മണിക്കൂറിൽ എട്ട് മുതൽ 32 കിലോമീറ്റർ വരെയാണ് പ്രതീക്ഷിക്കുന്ന വേഗം. ചില പ്രദേശങ്ങളിൽ ചിതറിയ നേരിയ മഴയ്ക്കൊപ്പം വൈകുന്നേരത്തോടെ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

രാത്രിയിൽ മിതമായ താപനിലയും ഭാഗികമായി മേഘാവൃതമായ ആകാശവുമാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഈർപ്പം തുടരും. തെക്കുകിഴക്കുനിന്നുള്ള കാറ്റ് പിന്നീട് ദിശമാറിവീശും. രാത്രിയിലെ കാറ്റിന്റെ വേഗം മണിക്കൂറിൽ ആറ് മുതൽ 26 കിലോമീറ്റർ വരെയായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാമെന്നും പ്രവചനത്തിൽ വ്യക്തമാക്കുന്നു.

തുടർന്നുള്ള ദിവസങ്ങളിലും മഴസാധ്യത നിലനിൽക്കുന്നതായാണ് കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തൽ. ഒക്ടോബർ 29 വ്യാഴാഴ്ച ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അന്നത്തെ പരമാവധി താപനില 36 ഡിഗ്രിയും കുറഞ്ഞ താപനില 22 ഡിഗ്രിയുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.