കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സിഗരറ്റുകളിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന ‘കെമിക്കൽ’ എന്നറിയപ്പെടുന്ന ലഹരിദ്രാവകം കൈവശം സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്തെന്ന കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മയക്കുമരുന്നും ലഹരിപ്രഭാവമുള്ള വസ്തുക്കളും വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ സ്ഥലം കണ്ടെത്തിയശേഷം പബ്ലിക് പ്രോസിക്യൂഷന്റെ നിയമാനുമതി നേടി ഫിർദൗസ് പ്രദേശത്തുനിന്ന് പിടികൂടുകയായിരുന്നു.

പരിശോധനയിൽ 40 ഒഴിഞ്ഞ ഇലക്ട്രോണിക് സിഗരറ്റുകളും 120 മില്ലിലിറ്റർ ശേഷിയുള്ള കുപ്പിയിൽ ‘കെമിക്കൽ’ ലഹരിദ്രാവകവും കണ്ടെത്തി. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫർവാനിയയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഇതേ ലഹരിദ്രാവകം നിറച്ച 24 ഇലക്ട്രോണിക് സിഗരറ്റുകൾകൂടി പിടിച്ചെടുത്തു.

സ്വന്തം ഉപയോഗത്തിനും സാമ്പത്തികലാഭം ലക്ഷ്യമിട്ടുള്ള വിൽപ്പനയ്ക്കുമായാണ് ഇവ സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഒരു ഇടനിലക്കാരൻ വഴിയാണ് വസ്തുക്കൾ ലഭിച്ചിരുന്നതെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു.

പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും അവരുമായി തുറന്ന ആശയവിനിമയം നിലനിർത്തി പുകവലിയുടെയും മയക്കുമരുന്നിന്റെയും അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർഥിച്ചു.