കുവൈത്ത് സിറ്റി: മയക്കുമരുന്ന് മണ്ണിനടിയിൽ ഒളിപ്പിച്ചശേഷം മൊബൈൽ ഫോണിലൂടെ സ്ഥലം അറിയിച്ച് വിതരണം നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരൻ പിടിയിൽ. ഹവല്ലി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് നടത്തിയ നടപടിയിൽ ഷാബു അടങ്ങിയ 52 പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
മിശ്രിഫ് പ്രദേശത്ത് നിരീക്ഷണ ഡ്യൂട്ടിയിലുണ്ടായിരുന്ന പട്രോളിങ് സംഘമാണ് മരങ്ങൾക്കിടയിൽ സംശയാസ്പദമായി നിന്നിരുന്ന ഇയാളെ ശ്രദ്ധിച്ചത്. ഉദ്യോഗസ്ഥർ സമീപിച്ചപ്പോൾ കൈവശമുണ്ടായിരുന്ന സുതാര്യമായ പാക്കറ്റ് ഇയാൾ വലിച്ചെറിഞ്ഞു. പരിശോധനയിൽ അതിൽ ഷാബുവാണെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം അതേ മയക്കുമരുന്ന് അടങ്ങിയ ഒൻപത് പാക്കറ്റുകൾകൂടി കണ്ടെത്തി. ചോദ്യം ചെയ്യലിൽ ജാബ്രിയയിലെ താമസസ്ഥലത്ത് കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് ഇയാൾ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.
മയക്കുമരുന്ന് മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ചശേഷം ആവശ്യക്കാർക്ക് മൊബൈൽ ഫോൺ വഴി ലൊക്കേഷൻ അയച്ചുനൽകിയാണ് വിതരണം നടത്തിയിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
തുടർ നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നിനെയും ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറി.