​റാഞ്ചി: വിവാഹബന്ധം നിലനിൽക്കെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം തുടരുന്നതും, ആ സ്ത്രീയെ സ്വന്തം വീട്ടിൽ കൂടെ താമസിപ്പിക്കാൻ ഭാര്യയെ നിർബന്ധിക്കുന്നതും സഹിക്കാനാകാത്ത മാനസിക ക്രൂരതയാണെന്ന് വ്യക്തമാക്കി ഝാർഖണ്ഡ് ഹൈക്കോടതി.

ഡോക്ടർമാരായ ദമ്പതികളുടെ വിവാഹബന്ധം വേർപെടുത്തിക്കൊണ്ടാണ് ജസ്റ്റിസ് സുജിത് നാരായൺ പ്രസാദ്, ജസ്റ്റിസ് പ്രദീപ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.

​2018 ഫെബ്രുവരിയിൽ വിവാഹിതരായ ഇരുവരും ധൻബാദിൽ താമസിച്ചിരുന്ന കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും, ആ ബന്ധം ഉപേക്ഷിക്കാമെന്ന് ഭർത്താവ് കരാർ എഴുതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഭർത്താവ് വീണ്ടും ഈ ബന്ധം തുടരുകയും, ആ സ്ത്രീയെ വീട്ടിൽ കൂടെ താമസിപ്പിക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ എതിർത്തതോടെ യുവതിക്ക് നേരെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ആരംഭിക്കുകയായിരുന്നു. പീഡനങ്ങൾ സഹിക്കവയ്യാതെ 2019 മുതൽ യുവതി ഭർത്താവിൽ നിന്ന് അകന്ന് കഴിയാൻ തുടങ്ങി.

​തുടർന്ന് യുവതി ഫാമിലി കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെ യുവതി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

വിവാഹബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണെന്നും, മറ്റൊരു വിവാഹേതര ബന്ധം അംഗീകരിക്കാൻ പങ്കാളിയെ നിർബന്ധിക്കുന്നത് ഹിന്ദു വിവാഹ നിയമപ്രകാരം കടുത്ത മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്നും കോടതി നിരീക്ഷിച്ചു.

2019 മുതൽ ദമ്പതികൾ വേർപിരിഞ്ഞു ജീവിക്കുകയാണെന്നും, ഈ ബന്ധം ഇനി കൂട്ടിച്ചേർക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി ഫാമിലി കോടതിയുടെ ഉത്തരവ് റദ്ദാക്കി യുവതിക്ക് വിവാഹമോചനം അനുവദിച്ചു. കൂടാതെ സ്ഥിരമായ ജീവനാംശത്തിനായി ഫാമിലി കോടതിയെ സമീപിക്കാൻ യുവതിക്ക് അനുമതിയും നൽകിയിട്ടുണ്ട്.