മാഡ്രിഡ്: ചൈനീസ് നേതാവ് മാവോ സെ തുങ്ങിനെക്കുറിച്ചുള്ള പരാമർശം വിവാദമായതിനെ തുടർന്ന് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ മാപ്പുപറഞ്ഞു. ചൈനയിൽ പ്രതിഷേധമുയർന്നതിന് പിന്നാലെ മൂന്ന് കമ്പനികൾ താരവുമായുള്ള വാണിജ്യ സഹകരണം അവസാനിപ്പിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ, തന്റെ മുഖം മറ്റൊരു ചിത്രവുമായി ചേർത്തുണ്ടാക്കിയ പരിഹാസചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എംബാപ്പെ വിവാദ പരാമർശം നടത്തിയതായി ആരോപണമുയർന്നത്. മാവോയെ സൂചിപ്പിച്ചുള്ള പരാമർശം ചൈനീസ് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി.

തന്റെ പ്രതികരണം അനുചിതമായിരുന്നുവെന്നും ചൈനയിലുള്ളവരുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ചൈനീസ് സമൂഹങ്ങളുടെയും വികാരങ്ങളെ അത് വ്രണപ്പെടുത്തിയെന്ന് തിരിച്ചറിയുന്നുവെന്നും എംബാപ്പെ പ്രസ്താവനയിൽ വ്യക്തമാക്കി.

ഡോങ്‌പെങ് പാനീയ കമ്പനി, മെങ്‌നിയു ക്ഷീരോൽപന്ന കമ്പനി, മിൽക്ക്ഗ്രൗണ്ട് ചീസ് കമ്പനി എന്നിവയാണ് താരവുമായുള്ള കരാറുകൾ അവസാനിപ്പിച്ചത്. ചൈനീസ് ജനതയുടെ ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളും നടപടികളും അംഗീകരിക്കാനാകില്ലെന്ന് കമ്പനികൾ വ്യക്തമാക്കി.

ചൈനീസ് ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽനിന്ന് എതിർപ്പ് നേരിടുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പ്രതികരിച്ചു. അതേസമയം, പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഫ്രാൻസ് പ്രസ് വ്യക്തമാക്കി.