കുവൈത്ത് സിറ്റി: മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട അഞ്ച് പ്രധാന സുരക്ഷാ നിർദേശങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വേഗം കുറയ്ക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക, ലൈറ്റുകളും വൈപ്പറുകളും പ്രവർത്തിപ്പിക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക, റോഡിൽ പൂർണ ശ്രദ്ധ പുലർത്തുക എന്നിവയാണ് മന്ത്രാലയം പുറത്തിറക്കിയ ബോധവത്കരണ വീഡിയോയിലെ നിർദേശങ്ങൾ.
മഴയിൽ റോഡ് വഴുക്കുന്നതിനാൽ ടയറുകളുടെ പിടിത്തം കുറയുമെന്നും അതിനാൽ വേഗം നിയന്ത്രിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കണം. കാഴ്ച വ്യക്തമായി ലഭിക്കുന്നതിന് വാഹനത്തിന്റെ ലൈറ്റുകളും വൈപ്പറുകളും പ്രവർത്തിപ്പിക്കണമെന്നും വെള്ളം കെട്ടിനിൽക്കുന്ന റോഡുകളിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി റോഡിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കണം. നേരത്തേ എത്തുന്നതിനേക്കാൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
അശ്രദ്ധയും സാഹസികവുമായ ഡ്രൈവിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടാം.